തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭ മുതിർന്ന പൗരൻമാരുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. നഗരത്തിലെ മുതിർന്ന പൗരൻമാരുടെ ശാരീരിക മാനസിക ഉല്ലാസം ഉറപ്പു വരുത്തുക, അറിവും അനുഭവ സമ്പത്തും പുതുതലമുറക്ക് പകർന്നു നൽകുക എന്നീ ലക്ഷ്യങ്ങളോടെ മധുരം ജീവിതം – The seenager fest എന്ന പേരിൽ മഹോത്സവം സംഘടിപ്പിക്കുന്നു.2025 ജനുവരി 10 മുതൽ 16 വരെ വിവിധ വേദികളിലായി കലാകായിക മത്സരങ്ങൾ, സെമിനാറുകൾ, സാംസ്‌കാരിക പരിപാടികൾ, മെഡിക്കൽ ക്യാമ്പ്, ഫുഡ് ഫെസ്റ്റ്, വിപണന മേള എന്നിവ ഈ ഉത്സവത്തിൻ്റെ ഭാഗമാക്കുന്നു.ജനുവരി 10 ന് വൈകുന്നേരം 4 മണിക്ക് നഗരസഭാ അങ്കണത്തിൽ നിന്നും മാനവീയം വീഥി വരെ സായാഹ്ന നടത്തം സംഘടിപ്പിച്ചിട്ടുണ്ട്. ജനപ്രതിനിധികൾ, പൗര പ്രമുഖർ, മുതിർന്ന പൗരന്മാർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, ജീവനക്കാർ എന്നിവർ ഈ പരിപാടിയുടെ ഭാഗമാകുന്നു. വൈകുന്നേരം 5 മണിക്ക് മാനവീയം വീഥിയിൽ ഓളം ബാൻ്റ് ഒരുക്കുന്ന നാടൻപാട്ട് ഉണ്ടാകും.ജനുവരി 16ന് നടക്കുന്ന സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച മുതിർന്ന പൗരൻമാർക്ക് നഗരരത്ന പുരസ്‌കാരം നൽകുന്നു. തദവസരത്തിൽ 100 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാരെ ആദരിക്കുന്നു. പ്രസ്തുത പരിപാടിയിലേക്ക് എല്ലാ നഗരവാസികളെയും സ്വാഗതം ചെയ്യുന്നു എന്ന് മേയർ ആര്യ രാജേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു