സാന്‍രക്ഷന്‍ ക്ഷമതാ മഹോത്സവ്(സാക്ഷം 2025) തിരുവനന്തപുരത്ത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു …!

തിരുവനന്തപുരം: പെട്രോളിയംപ്രകൃതിവാതക മന്ത്രാലയത്തിന്റെ പ്രതിവര്‍ഷ പരിപാടിയായ സാന്‍രക്ഷന്‍ ക്ഷമതാ മഹോത്സവ്(സാക്ഷം 2025) തിരുവനന്തപുരത്ത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. ഊര്‍ജ ഉപഭോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിലും ഭാവി തലമുറകള്‍ക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിലും സാക്ഷം പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഹരിതോര്‍ജ സംരംഭങ്ങളോടുള്ള കേരളത്തിന്റെ പ്രതിബദ്ധത ചൂണ്ടിക്കാണിച്ച അദ്ദേഹം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജന പങ്കാളിത്തം ആവശ്യമാണെന്നും പറഞ്ഞു. ജൈവ ഇന്ധനങ്ങളേയും ഇതര ഇന്ധനങ്ങളേയും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ വര്‍ഷത്തെ സാക്ഷത്തിനുള്ളത്. സാക്ഷം 2025 ന്റെ ഭാഗമായി കേരളത്തിലുടനീളം വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. പൊതുജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി സൈക്ലോത്തോണുകള്‍, വാക്കത്തോണുകള്‍, എല്‍പിജി പഞ്ചായത്തുകള്‍, എല്‍പിജി സമ്പാദ്യത്തെക്കുറിച്ചുള്ള പരിശീലന പരിപാടികള്‍, ഇലക്ട്രിക് വാഹന റാലികള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഊര്‍ജ സംരക്ഷണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍, സ്‌കൂളുകളിലും കോളജുകളിലും ശില്‍പശാലകള്‍, സംവാദങ്ങള്‍, സാങ്കേതിക സെമിനാറുകള്‍ എന്നിവയും സംഘടിപ്പിക്കും. പുക പരിശോധന, പ്രകൃതി സംരക്ഷണ പ്രതിജ്ഞാ ഡ്രൈവുകള്‍, മത്സരങ്ങള്‍ തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടത്തും.

Leave a Comment

Your email address will not be published. Required fields are marked *