19 വയസുള്ള ഗർഭിണിയ്ക്ക് അപൂർവ ഹൃദയ വാൽവ് ബലൂൺ ചികിത്സ

19 വയസുള്ള തിരുവനന്തപുരം സ്വദേശിയായ ഗർഭിണിയ്ക്ക് നടത്തിയ ബലൂൺ മൈട്രൽ വാൽവോട്ടമി എന്ന താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെയാണ് ഗർഭസ്ഥശിശുവിനും അമ്മയ്ക്കും ആരോഗ്യം വീണ്ടെടുക്കാനായത്. വാൽവ് ചുരുക്കം മൂലം പൾമണറി എഡിമ എന്ന അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവതി. സാധാരണ നിലയിലുള്ള നാലു മുതൽ ആറു സെൻ്റീമീറ്റർ സ്ക്വയർ വലിപ്പമുള്ള വാൽവിനു പകരം യുവതിയുടെ ഹൃദയവാൽവിന് 0.5 സെൻ്റീമീറ്റർ സ്ക്വയർ വലിപ്പം മാത്രമാണുണ്ടായിരുന്നത്. ഈ അവസ്ഥയിലാണ് യുവതി എസ് എ ടി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. തുടർന്ന് അടിയന്തര ചികിത്സയിലൂടെ രോഗിയുടെ ആരോഗ്യ നില മെച്ചപ്പെടുത്തിയ ശേഷം ബലൂൺ മൈട്രൽ വാൽവോട്ടമി ചികിത്സ വഴി ചുരുങ്ങിപ്പോയ വാൽവ് വികസിപ്പിച്ച് തടസം പൂർണമായി മാറ്റുകയും വാൽവിൻ്റെ പ്രവർത്തനം സാധാരണ നിലയിലാക്കുകയും ചെയ്തു. ബലൂൺ മൈട്രൽ വാൽവോട്ടമി ചികിത്സ ഗർഭാവസ്ഥയിൽ അമ്മയ്ക്കും കുഞ്ഞിനും ദോഷം വരാതെ റേഡിയേഷൻ സംരക്ഷണ ഉപാധികൾ വഴി ചെയ്യുന്നത് അത്യപൂർവമാണ്. ഗർഭിണിയുടെയും കുഞ്ഞിൻ്റെയും ആരോഗ്യാവസ്ഥ ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ സുധ മേനോൻ്റെ മേൽനോട്ടത്തിൽ ക്രമീകരിച്ചുശേഷം കാർഡിയാക് സർജൻ ഡോ വിനു, അനസ്തേഷ്യാ വിഭാഗം മേധാവി ഡോ ശോഭ, ഡോ ജഫി, നവജാത ശിശു വിദഗ്ധർ ഡോ ആനന്ദ്, ഡോ ദിവ്യമാത്യു എന്നിവരുടെ മേൽനോട്ടത്തിലും മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ ശിവപ്രസാദ്, ഡോ മാത്യു ഐപ്പ്, ഡോ സിബു മാത്യു, ഡോ സുരേഷ് മാധവൻ, ഡോ പ്രവീൺ വേലപ്പൻ എന്നിവർ ഉൾപ്പെട്ട വിദഗ്ധ സംഘമാണ് ചികിത്സ നടത്തിയത്. കാർഡിയോ വാസ്കുലാർ ടെക്നോളജിസ്റ്റുമാരായ പ്രജീഷ്, കിഷോർ, അസിംഷാ, കുമാരി ബിൻസി, നേഴ്സിംഗ് ഓഫീസർമാരായ രാജലക്ഷ്മി, വിജി, സൂസൻ, അംബിക എന്നിവരും ചികിത്സയിൽ പങ്കാളികളായി. ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ നിർദേശ പ്രകാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ലിനറ്റ് ജെ മോറിസ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽ കുമാർ, എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ എസ് ബിന്ദു എന്നിവർ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു. വിവിധ ഗവൺമെൻ്റ് സ്കീം പ്രകാരം പൂർണമായും സൗജന്യമായാണ് ഈ ചികിത്സ നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *