
കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയിലെ കണ്ണാടി പാലം ഉദ്ഘാടനം നാളെ
നാഗർകോവിൽ: കന്യാകുമാരി ത്രിവേണി സംഗമത്തിൽ വിവേകാനന്ദ സ്മൃതിമണ്ഡപത്തേയും തമിഴ് പ്രാചീന കവി തിരുവള്ളുവരുടെ പ്രതിമയേയും ബന്ധിപ്പിക്കുന്ന കണ്ണാടിപ്പാലത്തിന്റെ (ബോ സ്ട്രിങ് ആർച്ച് ബ്രിഡ്‌ജ്) ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിക്കും. തുടർന്ന് തിരുക്കുറുകൾ പ്രചാരകരായ 25 പേരെ ചടങ്ങിൽ ആദരിക്കും. രാത്രി ഏഴിന് സുഖിശിവം നയിക്കുന്ന ചർച്ചാവേദി (പട്ടിമൻറം) നടക്കും. 37 കോടി ചെലവിൽ പണിത കണ്ണാടിപ്പാലത്തിൻ്റെ നീളം 77 മീറ്ററും വീതി 10 മീറ്ററുമാണ്. ഇതിൽ രണ്ടര മീറ്റർ വീതിയിൽ കണ്ണാടിപ്പാത ഉണ്ടാകും. വിനോദസഞ്ചാരികൾക്ക് കടലിന് മുകളിലെ കണ്ണാടിപ്പാലത്തിലൂടെ ഇരുവശത്തേക്കും കടക്കാം.